Tuesday, June 30, 2020

ദുർമന്ത്രവാദം(ആഭിചാര ക്രിയ)


ദുർമന്ത്രവാദം(ആഭിചാര ക്രിയ)
"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും"
ഓ പിന്നെ കൂടോത്രോം, പ്രെതോം ഒന്ന് പോടോ.. എന്ന് നമ്മൾ പലപ്പോഴും കളിക്ക് പറയാറുണ്ട് അല്ലെ.. എങ്കിൽ അത് ശരിക്കും ഉണ്ടോ? എന്ന് നമുക്ക് ഒന്ന് നോക്കിയാലോ.. വരൂ!!!
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു ഇന്നും നിലനിൽക്കുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം.മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം. രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടി മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, വ്യക്തികളുടെ പ്രത്യേക പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകർമങ്ങൾ മന്ത്രവാദത്തിന്റെ മറ്റൊരു വശമാണ്. പലതരത്തിലുള്ള ക്ഷുദ്രക്രിയകൾ, ബലികർമ്മങ്ങൾ, താന്ത്രിക കർമങ്ങൾ എന്നീ കർമവൈവിധ്യങ്ങൾ ദുർമന്ത്രവാദത്തിൽ അടങ്ങുന്നു. ആഭിചാര മാന്ത്രികർ തന്നെ രോഗശാന്തിയ്ക്കും മറ്റും വേണ്ടി ചെയ്യുന്ന കർമങ്ങൾ ഗുണഫലമാണുളവാക്കുന്നത്.
ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കർമ്മങ്ങൾ ചില സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മാടൻ,മറുത, പ്രേതം, ഭൈരവൻ,യക്ഷി, ഗന്ധർവൻ,കരിം കാളി, ചുടല മാടൻ, ചുടല യക്ഷി, കുട്ടിച്ചാത്തൻ... അങ്ങനെ പോകുന്നു ആഭിചാര കൃതയിലെ ദൈവങ്ങൾ.
പഠിക്കാൻ അതി കഠിനവും, ആഴം കൂടിയതും ആണ് ആഭിചാര ക്രിയ. വിദ്യാർത്ഥിക്ക് പ്രത്യകം മാനസിക അവസ്ഥ, ആരോഗ്യം ഒക്കെ പല പരീക്ഷണത്തിൽ വിശകലനം ചെയ്ത് ബോധ്യപ്പെട്ടാൽ മാത്രമേ ഇതിന് ശിഷ്യൻ ആകൂ. വരുന്ന ആളുടെ ഉള്ള് എങ്ങനെ എന്ന് നോട്ടത്തിൽ അറിയാൻ ഇത്തരം ആളുകൾക്ക് പ്രത്യേകം കഴിവുണ്ട്.. ദാമ്പത്യ ജീവിതം നിഷിദ്ധം ആണ് ഇവർക്ക്.. അധികം സംസാരിക്കാത്ത, ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ട് ജീവിക്കുന്നു ഇത്തരം ആളുകൾ.
ക്ഷേത്ര പൂജകളും മന്ത്രവാദം തന്നെ പക്ഷെ അത് സത്യുകവും വ്യക്തിക്കും സമൂഹത്തിനും അയിശ്വര്യവും ഉയർച്ചയും കാംശിക്കുമ്പോൾ. ആഭിചാരം വ്യക്തിയുടെ തകർച്ച ആണ് കാംശിക്കുന്ന്.
സാധാരണ ആളുകൾക്ക് കണ്ടാൽ അറപ്പ് ഉളവക്കുകയും, ഭയം ഉളവാക്കുകയും, ചെയ്യുന്നതാണ് ആഭിചാര ക്രിയയിലെ പൂജാ രീതികൾ. രാത്രി കാലങങളിൽ ഒറ്റയ്ക്ക് ശ്മശങ്ങളിൽ പൂജ, തല ഓട്‌, എല്ലുകൾ അണിയുക, ജന്തുക്കളെ അറുത്ത് അതിന്റെ രക്തം നേദിക്കുക, പച്ചയ്ക് കഴിക്കുക,മൃത് ദേഹത്ത് ഇരുന്ന് പൂജ, പ്രസദത്തിൽ തുപ്പുക അങ്ങനെ പോകുന്നു..
ഇതിൽ തമാശ എന്തെന്നാൽ ഇൗ 21 ആം നൂറ്റാണ്ടിൽ ഇത് വ്യാപകം ആയി നടക്കുന്നു എന്നതാണ്. ഏറ്റവും കൂടുതല് ആഭിചാര ക്രിയ നടക്കുന്നത് കച്ചവട മേഖലയിൽ ആണ്. ശ്രദ്ധിച്ചാൽ മതി മനസ്സിലാവും ഒരു കാരണം ഇല്ലാതെ നല്ല രീതിയിൽ ഉള്ള കച്ചവടം തകരുക, അയാൾക് രോഗം, ബുദ്ധിമുട്ട്, കടം വരുകാ അങ്ങനെ പോകുന്നു ഇത് . എതിർ വശത്ത് ഉള്ള ആളുകൾ മറ്റൊരാൾ വളരാതെ ഇരിക്കാൻ ചെയ്യുന്നു ഇത് ഇക്കാലത്ത്.
ഇനി നമുക്ക് മേൽ പറഞ്ഞ ഓരോ ക്രിയകളിലേക് കടക്കാം. ആദ്യമായി....
മാരണം
___
ഭൈരവാദി പഞ്ചമൂര്ത്തികളെയോ, മറ്റു വനമൂര്ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്മവിധികള് മാരണത്തിലുണ്ടെന്നുകാണാം
ഒടി
____
ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല് വിഷാംശംകൊണ്ട് കാലുകള് വീങ്ങുകയും പൊട്ടുകയും ചെയ്യുമത്രെ. പിണിയാളുടെ ശരീരത്തില് സന്ധുക്കളില് കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്, അട്ടക്കുടു, ഏട്ട (ഒരു തരം മത്സ്യം), മഞ്ഞള്, ചുണ്ണാമ്പ് എന്നിവ ചേര്ത്ത ചോറുകൊണ്ട് പ്രതിരൂപ (ആള്രൂപ)മുണ്ടാക്കി, മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില് മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്മത്തിന്റെ ഒരു വശമാണ്.
മറിവ്
__
യഥാര്ത്ഥ രൂപത്തെ മറച്ചുവെയ്ക്കുന്നതാണ് മറിവ്.. ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാന് 'മറിവ്' എന്ന മാന്ത്രിക ക്രിയകൊണ്ട് സാധിക്കുമത്രെ. 'ആള്മറിവ്' അതില് പ്രധാനമാണ്. ഒരാള് നീണ്ടു കിടന്ന് കോടി വസ്ത്രം പുതപ്പിച്ച്, കുരുതി നിറച്ച് വായ കെട്ടിയ ഒരു കുംഭം നെഞ്ചില് കമഴ്ത്തിവച്ച്, അതിന്മുകളില് പലക വച്ച് 'മുഷ്ടി' കൊത്തുകയെന്നത് 'മറിവി' ന്റെ കര്മാംഗമാണ്.
മുഷ്ടി
___
മുഷ്ടികര്മം മന്ത്രവാദപരമായ മിക്ക കര്മങ്ങളുടെയും അന്ത്യത്തില് പതിവുണ്ട്. ചെന്നാര്വള്ളി, ഞെഴുകിന്കോല്, ഈയച്ചേമ്പ്, തേങ്ങാക്കുലയല്ലി, കടുക്ക തുടങ്ങിയവ കെട്ടി തേങ്ങയുടെ മുകളില്വെച്ച് നാലുഭാഗത്തുനിന്നും കൊത്തുകയാണ് 'മുഷ്ടി'യുടെ മുഖ്യചടങ്ങ്. ഞരമ്പുവേദന, ശാരീരികമായ ക്ഷീണം തുടങ്ങിയവയ്ക്കും മുഷ്ടികൊത്തല് ക്രിയ കഴിപ്പിക്കും
സ്തംഭനം
___
ചില മന്ത്രവാദികള്ക്ക് മാന്ത്രികശക്തി/ആഭിചാരക്രിയമുഖേന സ്തംഭിപ്പിക്കുവാന്/നിരോധിക്കു വാൻ/പ്രവർത്തികൾക്ക് തടസ്സമുണ്ടക്കുവാൻ ഉള്ള കഴിവുണ്ട്.അതാണ് സ്തംഭനക്രിയ.വൃത്തിനിരോധം' എന്ന് അതിനെ വിശേഷിപ്പിക്കാം. ''പ്രവൃത്തികൾക്ക് തടസ്സമുണ്ടാക്കുകയാണ്'' അതിന്റെ ലക്ഷ്യം.
ശത്രുക്കളുടെ പ്രഭാവത്തെ അടക്കുവാനുള്ള ഒരുമാർഗമത്രെയിത്. ശത്രുസ്തംഭനം, നാവടക്കം, ബാധാനിരോധം എന്നിങ്ങനെ സ്തംഭനക്രിയകൾ പല പ്രകാരമാണ്. ജലസ്തംഭനം, കക്കുടസ്തംഭനം, നാളികേര സ്തംഭനം എന്നിങ്ങനെ സ്തംഭനം ചെയ്യുന്ന രീതികളിലും വ്യത്യാസമുണ്ട്. കള്ളന്മാരുടെയും മറ്റും കുടല് സ്തംഭിപ്പിക്കുവാൻ സ്തംഭനക്രിയകൊണ്ട് സാധിക്കുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു.
കുടത്തില് കുരുതിവെള്ളവും മറ്റും നിറച്ച് കുഴിച്ചിടുകയാണ് ജലസ്തംഭനം. കോഴിയുടെ വായയില് ചില പ്രത്യേക മരുന്നുകള് നിറച്ച് കഴുത്തറുത്ത്, ഹോമിക്കുകയാണ് കുക്കുടസ്തംഭനം. ഇളനീര് തുരന്ന് മരുന്ന് നിറച്ച് സ്ഥാപിക്കുകയാണ് നാളികേര സ്തംഭനം. വെള്ളരിക്ക, കോഴിമുട്ട തുടങ്ങിയവയും സ്തംഭനക്രിയക്ക് ഉപയോഗിക്കാം
കക്ഷപുടം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ വിവിധ തരത്തിലുള്ള സ്തംഭനക്രിയ നടത്തേണ്ടതെപ്രകാരമെന്ന് പറയുന്നുണ്ട്. മന്ത്രതന്ത്രൗഷധികളുടെ സംയുക്ത പ്രയോഗമാണവയിൽ അടങ്ങിയിട്ടുള്ളത്. കുങ്കുമംകൊണ്ട് പെരുമരത്തോലിൽ മന്ത്രപൂർവ്വം ശത്രുവിന്റെ പേരെഴുതി കുറച്ചു നൂൽ കെട്ടുകയെന്നത് ശത്രുസ്തംഭനത്തിനുള്ള ഒരു മാർഗമാണ്.
മഞ്ഞൾ കൊണ്ട് പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽ കെട്ടുന്നത് വാക് സ്തംഭനത്തിനും, പനയോലയിൽ താമര വെച്ച് മഞ്ഞളിട്ട് മുറ്റത്തുവെച്ച് പൂജ നടത്തുന്നത് ശത്രുവിന്റെ മുഖസ്തംഭനത്തിനും, വെളുത്ത കടുക് ചെറുകടലാടി മഞ്ഞക്കുറുമിഴി എന്നിവ വയമ്പിന്റെയും വെളുത്ത കണ്ടകാരിച്ചുണ്ടയുടെയും നീരിൽ ചേർത്ത് ഇരുമ്പു പാത്രത്തിലാക്കി തിലകം തൊടുന്നത് ശത്രുക്കളുടെ ബുദ്ധിസ്തംഭനത്തിനുമുള്ള വിധിയായി കക്ഷപുടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ഞൾകൊണ്ടോ, കറുകപ്പുല്ലുകൊണ്ടോ പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽകൊണ്ട് ചുറയ്ക്കുകയും തലമുടിയിൽ ബന്ധിക്കുകയും ചെയ്താൽ ഗതിബന്ധനം സാധിക്കുമത്രെ. ഒട്ടകത്തിന്റെ എല്ല് നാലു ദിക്കുകളിൽ കുഴിച്ചിട്ടുകൊണ്ടുള്ള കർമമാണ് പശു, ആട്, എരുമ, കുതിര, ആന എന്നിവയെ സ്തംഭിപ്പിക്കുവാനുള്ള മാർഗമെന്ന് അതിൽ പറയുന്നുണ്ട്.
കക്ഷപുടത്തിൽ പരാമർശിക്കുന്ന അഗ്നിസ്തംഭനം ശ്രദ്ധേയമായ ഒരു വിഷയമാണ്. തീയിൽ ചാടിയാലും ദഹിക്കാതിരിക്കുവാനുള്ള മന്ത്രങ്ങളുടെയും ഔഷധങ്ങളുടെയും പ്രയോഗമാണ് അതിലടങ്ങിയിട്ടുള്ളത്. മന്ത്രസിദ്ധിയുള്ള ആൾ വെളുത്ത പൂങ്കുറുഞ്ഞിയും എരിക്കുമരച്ച് കൈയ്ക്കു തേച്ചാൽ അഗ്നിയിൽ ദഹിക്കുന്നതല്ല. നെന്മേനിവാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാൽ അഗ്നിബാധയിൽ നിന്നും രക്ഷപ്പെടാമത്രെ.
കൂമൻ, കൊറ്റി, തവള എന്നിവയുടെ മേദസ്സെടുത്ത് മന്ത്രപൂർവ്വം പുരട്ടിയാൽ അഗ്നിയിൽ ദഹിക്കുകയില്ല. തവളക്കരളെടുത്ത് ആട്ടിൻ മേദസ്സു ചേർത്ത്, ശരീരത്തിൽ തേയ്ക്കുന്നതാണ് അഗ്നിസ്തംഭനത്തിനുള്ള മറ്റൊരു മാർഗം. ഒടുവിൽ പറഞ്ഞ രണ്ട് മാർഗങ്ങൾക്ക് കേരളത്തിൽ ചില സമുദായക്കാർക്കിടയിൽ പ്രാചുര്യമുണ്ടെന്ന് പറയാം.
കനലിൽ ചാടുകയും മേലേരി (തീക്കൂമ്പാരം)യിൽ കിടക്കുകയും ചെയ്തുകൊണ്ട് നർത്തനം ചെയ്യുന്ന മലയരും മറ്റും ശരീരത്തിൽ പൊള്ളാതിരിക്കുവാൻ തവളയുടെയും മറ്റുംകൊഴുപ്പ് തേയ്ക്കാറുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു. മാന്ത്രിക പാരമ്പര്യവും അവർക്കുണ്ടെന്നോർക്കണം.
വശ്ശീകരണം
ദുർമന്ത്രവാദവിധികളിൽ വശ്യപ്രയോഗവും ഉൾപ്പെടുന്നു. വശീകരണം, ആകർഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ്. മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതിൽ കാണാം. ലോകവശ്യം, സർവ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.
ബലി
താന്ത്രികവും മാന്ത്രികവുമായി പ്രാമുഖ്യമുള്ള അനേകം ബലികർമങ്ങളുണ്ട്. വാസ്തുബലി, നാരായണബലി, സാരസ്വതബലി, പിതൃബലി, ഭൂതബലി, മാതൃബലി, സർപ്പബലി തുടങ്ങിയ ബലിക്രിയകൾ വൈദികവിധി പ്രകാരം ചെയ്യുന്നവയാണ്. ഇവയ്ക്കുപുറമെ മന്ത്രവാദ സംബന്ധമായ ബലികർമങ്ങളും വൈദികർ ചെയ്യാറുണ്ട്. സാത്വിക പ്രധാനങ്ങളാണ് ഇവയെല്ലാം. എന്നാൽ, ദുർമന്ത്രവാദത്തിൽ താമസകർമങ്ങൾക്കാണ് പ്രാമുഖ്യം.
യക്ഷഗന്ധർവ്വാദി വിമാനബാധകളെയും, പ്രേത പിശാചുക്കളെയും, രോഗബാധകളെയും മറ്റും പ്രീതിപ്പെടുത്തിയോ പിണക്കിയോ അകറ്റുകയാണ് പ്രായേണ മന്ത്രവാദത്തിലെ ബലിക്രിയകളുടെ ഉദ്ദേശ്യം. കൈബലി, മാടബലി, ഭൂതമാരണബലി, രാവണബലി, ഉച്ചബലി, ഭദ്രബലി, കുഴിബലി, കഴുബലി, നിണബലി, ഗർഭബലി, പ്രതികാരബലി, ഗന്ധർവ്വബലി, രോഗശാന്തിബലി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒട്ടനേകം ബലിക്രിയകളുണ്ട്.
കേരളത്തിലെ ചില മന്ത്രവാദ പാരമ്പര്യമുള്ള സമുദായങ്ങളിൽപ്പെട്ടവരാണ് ഇവയിലേർപ്പെടുന്നത്.കൈബലി എന്നത് സാമാന്യമായ ഒരു ബലിക്രിയയാണ്. ഇത് എല്ലാ വിഭാഗത്തിൽപ്പെട്ടവരും ചെയ്യും. വാഴപ്പോള കൊണ്ട് ബലിപീഠം/ബലിത്തട്ട് ഉണ്ടാക്കി, കുരുത്തോല നറുക്കുകളും കോൽത്തിരിയും കുത്തി, അതിൽ ചില ബലികൾ അർപ്പിക്കുകയാണ് കൈബലിയുടെ സ്വഭാവം. കുരുതിതർപ്പണവും ബലിപീഠത്തിൽ ചെയ്യാം.
മാരണഭൂതം, അപസ്മാരദേവത, മാരൻ, ഗന്ധർവ്വൻ, വിമാനദേവതകൾ തുടങ്ങിയവയെ ഉച്ചാടനം ചെയ്യുവാനുള്ള ബലികർമമാണ് ഭൂതമാരണബലി. ഈ കർമത്തിന് പ്രാദേശികവും വംശീയവുമായ രീതിഭേദങ്ങളുണ്ട്. അരി, വെറ്റില, ഇളനീര്, പൂവ്, പൊരി, തിരി തുടങ്ങിയ ഒരുക്കുകൾ ഇതിനു വേണം.
"ഇലഞ്ഞിക്കുഴ പിച്ചിപ്പൂ മഞ്ചാടിക്കുഴയും തഥാ
അടയ്ക്കാ മലർ തെറ്റിപ്പൂ കൂവളത്തിലയും മലർ
നിണവും മധുവും തൂകി പനിനീർ തൂകിയങ്ങുടൻ
കുരുതിത്തർപ്പണം പിന്നെ രണ്ടായ് വെട്ടുക തേങ്ങയും''
എന്നിങ്ങനെ ഭൂതമാരണ ബലിയുടെ കർമങ്ങളെപ്പറ്റി ഒരിടത്ത് (19:33) പറയുന്നുണ്ട്. 'ബ്രഹ്മഭൂതാളി മന്ത്ര'ത്തെ കൊണ്ടാണ് ബലി തൂകേണ്ടത്. ഈ ബലി കർമത്തിന് ഒരാൾ പ്രമാണമുയരത്തിൽ ബലിത്തട്ട് നിർമിക്കുന്ന പതിവ് ഉത്തരകേരളത്തിലുണ്ടായിരുന്നു.
മന്ത്രവാദസംബന്ധമായി ശ്രീഭദ്രയ്ക്ക് നൽകുന്ന ബലിയാണ് ഭദ്രബലി. അത്യുത്തര കേരളത്തിലെ മലയർ കണ്ണേർ തുടങ്ങിയുള്ള പിണിദോഷ പരിഹാരത്തിനാണിത് നടത്തുന്നത്. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ട് (ഒരുതരം മുടി) വെച്ചു കെട്ടി, അതിന്റെ മുന്നിലാണ് ബലി അർപ്പിക്കേണ്ടത്. കോഴിബലി മുഖ്യമാണ്.
വാഴപ്പോള കൊണ്ട് മാടം (ഗൃഹം) നിർമിച്ച്, അതിൽ ബലി അർപ്പിക്കുന്നതാണ് മാടബലി. മലയർ, പാണർ, പുള്ളുവർ, വേലർ എന്നിവർ ഈ ബലിക്രിയ നടത്തിവരാറുണ്ടായിരുന്നു. പാഷാണമൂർത്തികളെ തൃപ്തിപ്പെടുത്തുവാൻ മാടബലി ചെയ്യണമത്രെ.
അപസ്മാരാദി ബാധകളെ നീക്കുവാനാണ് ഊഞ്ചബലി കഴിക്കുന്നത്. നദീതീരത്തോ സമുദ്രക്കരയിലോ കാഞ്ഞിരത്തൂണുകൾ നാട്ടി, നരന്തവള്ളി ഊഞ്ഞാലായിക്കെട്ടും. പിണിയാളെ കണ്ണുകെട്ടിക്കൊണ്ടുവന്ന് ആ ഊഞ്ചേലിൽ ഇരുത്തി, ചില കർമങ്ങൾ ചെയ്തശേഷം, ആ വള്ളി കൊത്തിയറുക്കുന്നു. പിണിയാൾ അവിചാരിതമായി പെട്ടെന്ന് വെള്ളത്തിൽ വീഴും. മറ്റുള്ളവർ അപ്പോൾ എടുത്തുകയറ്റും. ഇതാണ് ഊഞ്ചബലിയുടെ സ്വഭാവം. പെട്ടെന്നുണ്ടാവുന്ന ഞെട്ടൽ രോഗവിമുക്തിയ്ക്കു കാരണമാകുമെന്നാണ് ഇതിന്നടിസ്ഥാനം.
രാത്രിയുടെ അന്ത്യയാമത്തിൽ കഴിക്കുന്ന ബലികർമമാണ് 'രാവണബലി' (രാവ്+അണ+ബലി). ഇത് പല മന്ത്രവാദ ക്രിയകളുടെയും അന്ത്യത്തിൽ നടത്താറുള്ളതാണ്. വലിയ കുഴിയുണ്ടാക്കി അതിൽ കോഴിയെയോ മനുഷ്യനെയോ ആക്കി, പലക പാവി മണ്ണ് നിരത്തി, അതിന്മീതെ ഹോമാദികർമങ്ങൾ ചെയ്യുകയെന്നത് കുഴിബലിയുടെ പ്രത്യേകതയാണ്. മധ്യാഹ്നത്തിൽ നടത്തുന്ന കർമമാണ് ഉച്ചബലി (നോ : ഉച്ചേല്ക്കുത്ത്).
കഠിനമായ ശത്രുദോഷങ്ങളോ കണ്ണേർദോഷങ്ങളോ ഉണ്ടെങ്കിൽ അവയുടെ പരിഹാരത്തിനായി മലയർ, പാണർ തുടങ്ങിയവർ നിണബലി നടത്താറുണ്ട്. വിവിധതരം അനുഷ്ഠാന ക്രിയകൾ ഇതിന്റെ ഭാഗമാണ്. കുട്ടിച്ചാത്തൻ, ഗുളികൻ തുടങ്ങിയ കോലങ്ങൾ ചിലപ്പോൾ കെട്ടിപ്പുറപ്പെടും. കാളി, ദാരികൻ എന്നീ വേഷങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. കോഴിയെ അറുത്ത് രക്തതർപ്പണം ചെയ്യും. ഉച്ചബലിയുടെ ഭാഗമായും നിണബലി പതിവുണ്ട്.
അപസ്മാരാദി രോഗങ്ങൾ മാറുവാൻ നടത്തുന്ന മാന്ത്രികബലികർമമാണ് അപസ്മാരബലി. കാമദേവചക്രമാണ് ഇതിന് കളമായി കുറിക്കേണ്ടത്. കളത്തിന് പുറത്ത് എട്ടുദിക്കിലും നാക്കിലയിൽ അരി തുടങ്ങിയവ വെയ്ക്കണം. മുല്ല, അശോകം, താമര, പിച്ചകം തുടങ്ങിയ പുഷ്പങ്ങൾ അർച്ചനയ്ക്കുവേണം. മുയലിനെ വെട്ടി തർപ്പണം ചെയ്യുകയെന്നത് ഈ ബലി ക്രിയയുടെ പ്രത്യേകതയാണ്. (9:37). അപസ്മാരം, ക്രകം, സന്നി എന്നീ രോഗങ്ങളുടെ നിവാരണത്തിന് ബലികർമങ്ങൾ ചെയ്യാറുണ്ട്.
ഏഴു ചുകന്ന ചോറുപിണ്ഡവും ഒരു കറുത്തപിണ്ഡവും തട്ടു നറുക്കിലയിൽ വെച്ച് എട്ടു വിളക്കു തിരികളും കത്തിച്ചു വെക്കുക, ഏഴു കുത്തുപാളകളിൽ കുരുതിയും ഒന്നിൽ കറുത്ത നീരും തയ്യാറാക്കുക, ഒരു മുക്കണ്ണൻ കോത്തിരി കുത്തുക, ''ഓം യെമൻ ഗുളികൻ ഹെമകണ്ട ഭസ്മരായെ സ്വാഹ'' എന്ന മന്ത്രം പതിനാറുരു ജപിച്ച് അരി രോഗിയുടെ കൈയിൽ കൊടുത്ത് തല ചുഴറ്റി എട്ടു നറുക്കിലയിലും വിതറി കോഴിക്കു കൊടുക്കുക; ആ കോഴിയെ തലക്കൊത്ത് കെട്ടുക മുതലായവ ആ ബലികർമത്തിന്റെ ചില വശങ്ങളാണ്.
കടപ്പാട്
മാന്ത്രിക വിജ്ഞാനം ,ഡോ വിഷ്ണു നാരായണൻ നമ്പൂതിരി.
വാദിക്കനോ ജയിക്കാൻ വേണ്ടി അല്ല എന്റെ ചെറിയ അറിവ് പകർന്നു നൽകുന്നു അത്ര മാത്രം. ഇത് സ്വീകരിക്കാൻ അതേ പോലെ നിരസിക്കാൻ ഇത് വായിക്കുന്ന ആർക്കും സ്വാതന്ത്ര്യം ഉണ്ട് 🙏🙂
ലൈക്ക്
അഭിപ്രായം
പങ്കിടുക