'
'
അജ്ഞാത അംഗം
അജ്ഞാത അംഗം
പ്രേതാനുഭവങ്ങൾ എന്ന ഈ ഗ്രൂപ്പിൽ,ഞാൻ ആദ്യമായി ഒരു അനുഭവം വിവരിക്കുകയാണ്. മറ്റൊരാൾ കേട്ടാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒട്ടേറെ വിചിത്രാനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. അതിനാൽ,അതിലൊന്ന് ഇവിടെ വിവരിക്കണമെന്ന് എനിക്ക് തോന്നി.
സുഹൃത്തുക്കളേ.. ഞാനിവിടെ വിവരിക്കുന്നത് എൻ്റെ യുക്തിബോധത്തിന് വിശദീകരിക്കാൻ കഴിയാത്തതായി എനിക്ക് അനുഭവപ്പെട്ട നിരവധി കാര്യങ്ങളിൽ ഒന്നു മാത്രമാണ്.
പ്രേതം ഉണ്ടോ ഇല്ലയോ എന്നത് എൻ്റെ വിഷയമല്ല. അഥവാ അങ്ങനെയൊന്ന് ഉണ്ടെന്ന് സ്ഥാപിക്കൽ എൻ്റെ അജണ്ടയല്ല. കാരണം, എൻ്റെ അനുഭവകഥകൾ കേട്ടവർ പലരും പറഞ്ഞത്, അതിലെ നിഗൂഢ കഥാപാത്രങ്ങൾ 'പ്രേത'ങ്ങളാണെന്നാണ്. എന്നാലും ഞാൻ നെഞ്ചിൽ കൈ വെച്ച് പറയും.. അവർ പ്രേതങ്ങളോ മനുഷ്യരോ.. എന്തോ ആവട്ടെ.എന്നെ അവർ ഉപദ്രവിച്ചിട്ടില്ല..മറിച്ച് സഹായിച്ചിട്ടേയുള്ളൂ.! ഇവിടെ ഞാൻ പറയാൻ പോകുന്നത് എനിക്ക് അനുഭവത്തിൽ പെട്ട നൂറ് ശതമാനവും സത്യമായ കാര്യങ്ങളാണ് .അതിനാൽ തന്നെ ഈ വിവരണം അൽപ്പം ദീർഘവുമാണ്. അൽപ്പം ക്ഷമയോടെ ഈ വിവരണം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇതിൽ, ഞാൻ എന്നെ കുറിച്ച് പറയുന്ന ഭാഗം അൽപ്പം നീണ്ടതാണെങ്കിലും അതിവിടെ പറയാതിരിക്കാൻ കഴിയില്ല. സദയം ക്ഷമിക്കുക.
1994 മുതൽ ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ.ഞാൻ ഒരു ഗ്രാമീണനാണ്. എൻ്റെ ഗ്രാമത്തിൽ അക്കാലത്ത് ആകെ നാലോ അഞ്ചോ പേരേ ഓട്ടോ ഡ്രൈവർമാരായി ഉണ്ടായിരുന്നുള്ളു. നാട്ടിൽനിന്നും രാവിലെ ബസ്സിൽകയറി പത്തു കിലോമീറ്റർ ദൂരെയുള്ള സിറ്റിയിൽ വന്ന് ഉടമയുടെ വീട്ടിൽനിന്നും ഓട്ടോയെടുത്ത് വൈകിട്ട് 6 മണിക്ക് ഉടമയുടെ വിഹിതവും വണ്ടിയും തിരിച്ചേൽപ്പിച്ച് നാടുപിടിക്കുകയാണ് പതിവ്. മറ്റൊരു വ്യക്തിയുടെ ഓട്ടോ ഓടിക്കുന്ന ആ കാലയളവിൽ എല്ലാവർക്കുമുള്ളതുപോലെ എൻ്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ഓട്ടോ. എന്നാൽ അധികം വൈകാതെ തന്നെ ആ സ്വപ്നം പൂവണിഞ്ഞു.SSLC പാസ്സായവർക്ക് പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി പ്രകാരം ഓട്ടോറിക്ഷ വാങ്ങാൻ വായ്പ്പ ലഭിക്കുമെന്നറിഞ്ഞ് അതിനായി ഒന്നു ശ്രമിച്ചു.ശ്രമം ഫലിച്ചു. പക്ഷേ, വേറൊരു പ്രശ്നം.. അതുവരെ ഞാൻ ഓടിച്ചിരുന്നത് ബജാജിൻ്റെ പെട്രോൾ വണ്ടിയായിരുന്നു.എന്നാൽ പെട്രോൾ വണ്ടിക്കായി അപേക്ഷിച്ച് നിരവധി പേർ കാത്തു കിടക്കുകയാണ്.വാഹനം പെട്ടെന്ന് കിട്ടണമെങ്കിൽ പെട്രോൾവണ്ടി മാറ്റി ഡീസൽ ഓട്ടോയിലേക്ക് മാറണം.കാരണം അതിന് വേണ്ടി കാത്ത് കിടക്കുന്ന ആവശ്യക്കാർ ഏറെയില്ല.
അക്കാലത്തെ ഓട്ടോകളിൽനിന്നും വ്യത്യസ്തമായി പുതിയ രൂപത്തിൽ ഒരു ഡീസൽ ഓട്ടോകമ്പനിയും ഉദയം ചെയ്തിരുന്നു..(Greaves Garuda).
പെട്രോൾ ഓട്ടോയെപ്പോലെ സ്റ്റാർട്ട് ചെയ്യാനായി കിക്കർ വലിച്ച് കൈ കഴക്കേണ്ട.. താക്കോലൊന്ന് തിരിച്ച് കൊടുത്താൽ മതി.പെട്രോളിൻ്റെ അമിത വിലയുമില്ല. ഹെഡ്ലൈറ്റിന് നല്ല വെളിച്ചം. രാത്രിയിൽ മങ്ങിയ വെളിച്ചത്തിൽ തപ്പിത്തടഞ്ഞ് ഓടിച്ച് കഷ്ടപ്പെടേണ്ട.. എല്ലാം കൊണ്ടും അടിപൊളി. ഒറ്റ പ്രശ്നം മാത്രം..പെട്രോൾ ഓട്ടോയെക്കാൾ വില ഇരുപതിനായിരം കൂടുതലാണ്.
"അതു പ്രശ്നമില്ലടാ..ഡീസലിന് വില കുറവല്ലേ" എന്ന് സുഹൃത്തുക്കളുടെ ഉപദേശം.ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ അതങ്ങ് ഉറപ്പിച്ചു..ഞാനും ഒരു ഓട്ടോ മുതലാളിയായി.!!
ഓട്ടോ സ്വന്തമായെന്ന് വെച്ച് പ്രശ്നങ്ങൾ തീരുന്നില്ല.പ്രധാന പ്രശ്നം പെർമിറ്റാണ്. മുൻസിപാലിറ്റിയിൽ ഹാൾട്ടിംഗ്പെർമിറ്റ് ലഭിക്കില്ല. നിലവിൽ പെർമിറ്റുള്ളവരിൽ നിന്നും ഉയർന്ന വിലക്ക് പെർമിറ്റ് സംഘടിപ്പിക്കാം..പക്ഷേ രൂപ അമ്പതിനായിരം എണ്ണികൊടുക്കണം. അത്രയും വലിയ തുക സങ്കൽപ്പിക്കാൻ പോലും കഴിയാത്തതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. പഞ്ചായത്ത് പെർമിറ്റുതന്നെയെടുത്തു. ഞങ്ങളുടെ സ്വന്തം നാട്ടിൽ അക്കാലത്ത് ഓട്ടോ ഓടിച്ചാൽ ഡീസലടിക്കാനുള്ള കാശ് പോലും കിട്ടില്ല. അതുകൊണ്ട് രണ്ടര കിലോമീറ്റർ അപ്പുറത്തുള്ള ഒരു കൊച്ചു ടൗണിൽ ഓടിക്കാമെന്ന് തീരുമാനിച്ചു.അന്നവിടെ ഉണ്ടായിരുന്നത് വെറും പന്ത്രണ്ട് ഓട്ടോകളായിരുന്നു.(ഇന്നവിടെ മുന്നൂറോളം ഓട്ടോറിക്ഷകളുണ്ട്) അവിടെ പതിമൂന്നാമനായി ഞാനും അംഗത്വമെടുത്തു.(നല്ല ബെസ്റ്റ് നമ്പറല്ലേ..?)
ഏതായാലും അങ്ങനെ ഐശ്വര്യമായി ഓട്ടം തുടങ്ങി. പുതിയ വണ്ടി.. പരിചയമില്ലാത്ത ഡ്രൈവർ.തുടക്കത്തിൽ അവിടെ നിലവിലുണ്ടായിരുന്ന ഓട്ടോക്കാർക്ക് നവാഗതനായ ഞാനുമായി ചില്ലറ തൊഴുത്തിൽകുത്തെല്ലാം ഉണ്ടായിരുന്നെങ്കിലും ക്രമേണ ഞാനും അവരിലൊരാളായി.
രാത്രി എട്ടുമണിയോടെയാണ് ഞാൻ ഓട്ടം നിർത്തി വീട്ടിലേക്ക് മടങ്ങുന്നത്. ചിലർ പത്തുമണി വരെ അവിടെ കിടക്കും.
അങ്ങനെയിരിക്കേ ഒരു ദിവസം..
അന്ന് ഓട്ടം തീരെ കുറവായിരുന്നത് കാരണം രാത്രി ഒമ്പത് മണിയായിട്ടും ഞാനടക്കം ആരും തിരികെ വീടുകളിലേക്ക് പോയിട്ടുണ്ടായിരുന്നില്ല.
വരിയായി നിർത്തിയിട്ട ഓട്ടോകളിൽ എൻ്റെ ഊഴം അഞ്ചാമതാണ്. ഒരാൾ മുമ്പിൽ കിടക്കുന്ന വണ്ടി ഓട്ടം വിളിക്കുന്നു.പക്ഷേ ആ ഡ്രൈവർക്ക് താൽപ്പര്യമില്ലാത്തതിനാൽ അതിനടുത്ത വണ്ടിയിലേക്ക് അയാൾ വന്നു.. അയാൾക്ക് പോകേണ്ട സ്ഥലം പറയുന്നു. എന്നാൽ ആ ഡ്രൈവർക്കും താൽപ്പര്യമില്ല. എല്ലാവരോടും ചോദിച്ചൊടുവിൽ അയാൾ എൻ്റെ അടുത്തെത്തി.12 കിലോമീറ്റർ ദൂരമുള്ള ഒരു സ്ഥലത്തേക്കാണ് അയാൾക്ക് പോകേണ്ടത്. ആ സ്ഥലം എനിക്ക് പരിചയമില്ല.പക്ഷേ അത്രയും ദൂരം പോയാൽ 50 രൂപ കിട്ടും. അന്ന് രാവിലെ തൊട്ട് സ്റ്റാൻ്റിൽ കിടക്കാൻ തുടങ്ങിയിട്ടും 100 രൂപ തികച്ചായിട്ടില്ല.അതുകൊണ്ട് ആ അൻപത് രൂപ വിട്ടു കളയാൻ മനസ്സു വന്നില്ല.ഞാനയാളെ കയറ്റി ഓട്ടം പോകാൻ തയ്യാറായി.
മറ്റ് ഓട്ടോക്കാരുടെ മുഖത്തു തെളിഞ്ഞ അമ്പരപ്പ് അസൂയയായി കണ്ട് ഒട്ടൊരു ഗർവ്വോടെ ഞാൻ സ്റ്റാൻ്റ് വിട്ടു.
പോകേണ്ട സ്ഥലം എനിക്ക് പരിചയമില്ലാത്ത ഏരിയ ആണ്.അഞ്ചു കിലോമീറ്റർ ഹൈവേയിലൂടെ ഓടി,ബാക്കി ഏഴ് കിലോമീറ്റർ വീതി കുറഞ്ഞ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ്. ഹൈവേയിൽ നിന്നും ആ റോഡിലേക്ക് കയറി കഴിഞ്ഞശേഷം ഒരു വാഹനം പോലും ആ റോഡിലൂടെ എനിക്കെതിരെ വരുന്നതോ പോകുന്നതോ ഞാൻ കണ്ടില്ല. റോഡിനിരുവശവും വിജനമായ മൈതാനം പോലുള്ള സ്ഥലങ്ങൾ.ചിലയിടങ്ങളിൽ കശുമാവിൻ കൂട്ടങ്ങൾ പരന്ന് കിടക്കുന്നത് കാണാമായിരുന്നു. ആ യാത്ര ലക്ഷ്യത്തിലെത്തുന്നതു വരെ ഒരു മനുഷ്യജീവിയെ പോലും ആ വഴിയിൽ കാണാൻ എനിക്ക് സാധിച്ചില്ല.
ഒടുവിൽ അയാൾക്കിറങ്ങേണ്ട സ്ഥലമെത്തി. എത്ര രൂപ വേണം..? അയാളുടെ ചോദ്യം. അമ്പത് രൂപ വേണമെന്ന് പറഞ്ഞപ്പോൾ.. ഒരു നൂറ് രൂപയുടെ നോട്ട് തന്ന് ''നേരം കുറേ ആയതല്ലേ, നീ എഴുപത് രൂപ എടുത്ത് ബാക്കി തന്നാൽ മതിമോനേ"..യെന്ന് അയാളുടെ സംതൃപ്തമായ മറുപടി.
മനസ്സിൽ പൊട്ടിയ ലഡ്ഡു ഒരു പുഞ്ചിരിയിലൊതുക്കി ബാക്കി തുകയും കൊടുത്ത് ഞാനയാളോട് യാത്ര പറഞ്ഞു.
ഇങ്ങോട്ട് പോരുമ്പോൾ ചെറിയ മൂത്രശങ്കയുണ്ടായിരുന്നു. അതിപ്പോൾ അൽപ്പം കൂടിയിട്ടുണ്ടെന്നതൊഴിച്ചാൽ വളരെ സംതൃപ്തമായിരുന്നു മടക്കയാത്ര. വഴിയിലെവിടെയെങ്കിലും ഇത്തിരി വെട്ടം കാണുകയാണെങ്കിൽ അവിടെ നിർത്തി മൂത്രമൊഴിക്കണമെന്നും തീരുമാനിച്ചു.
ഒരു മൂന്ന് കിലോമീറ്റർ പിന്നിട്ടപ്പോൾ ദൂരെയായി റോഡരികിൽ ഇടതുവശത്ത് ഒരു വൈദ്യുതി പോസ്റ്റിലെ മങ്ങിയ വെളിച്ചം കണ്ടു. അടുത്തെത്തിയപ്പോൾ റോഡിൽ ഒരു ചെറിയ ഇറക്കവും അത് കഴിഞ്ഞ് ഒരു കയറ്റവുമുള്ള സ്ഥലം. ഇറക്കം കഴിഞ്ഞുള്ള സ്ഥലത്ത് ഇടതു വശത്തായി രണ്ട് പോസ്റ്റുകൾക്കിടയിൽ ഒരു ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ട്. ആ വൈദ്യുതിപോസ്റ്റിലെ മങ്ങി കത്തുന്ന വെളിച്ചമാണ് ഞാൻ മുമ്പ് കണ്ടത്. ഏതായാലും ഞാൻ ആ വെളിച്ചത്തിന് കീഴിൽ വണ്ടി നിർത്തി..എൻജിനും ഓഫാക്കി.!അതൊരു അബദ്ധമായിരുന്നുവെന്ന് എനിക്ക് പിന്നീട് മനസ്സിലായി.
മൂത്രമൊഴിക്കുന്നതിനിടയിൽ ഞാൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.റോഡിന് വലത് വശത്ത് ഒരു വലിയ മൈതാനം പോലെ തോന്നിച്ചു.ഇടത് വശത്തേക്കുള്ള കാഴ്ച്ച വ്യക്തവുമല്ല. ഏതായാലും മൂത്രമൊഴിച്ച് കഴിഞ്ഞ് ഞാൻ തിരികെ വണ്ടിയിൽ കയറി. താക്കോലിട്ട് തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷേ എന്തോ ഒരു മിസ്സിംഗ്. വീണ്ടും ശ്രമിച്ചു.. സ്റ്റാർട്ടാകുന്നില്ല. വീണ്ടും വീണ്ടും പലവട്ടം ശ്രമിച്ചെങ്കിലും 'ചക്കിടചക്കിട' എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാർട്ടായില്ല. ഞാനാകെ വിയർത്തു. എന്ത് ചെയ്യും.
സഹായത്തിനാണെങ്കിൽ ഒരു വാഹനം പോലും അതുവഴി വരുന്നില്ല.
വണ്ടിയൊന്ന് പിടിച്ചുകുലുക്കി ഇളക്കിയ ശേഷം വീണ്ടും പലവട്ടം പല രീതിയിൽ ഏതാണ്ട് ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എൻ്റെ വണ്ടി കിടക്കുന്ന ഭാഗത്ത് മങ്ങികത്തുന്ന ആ ബൾബിൻ്റെ വെളിച്ചമല്ലാതെ മറ്റൊരിടത്തും വെളിച്ചവുമില്ല. ഇരുട്ട് മാത്രം.
ഞാൻ പുറത്തിറങ്ങി ഓട്ടോയുടെ ചുറ്റും നടന്നു. വലതുഭാഗത്തെ മൈതാനത്തിലേക്ക് നോക്കുന്തോറും ഭയം അരിച്ചു കയറാൻ തുടങ്ങി. വാച്ചിൽ നോക്കി. സമയം പതിനൊന്നാകുന്നു.
അങ്ങനെ നിൽക്കേ ഞാൻ നിൽക്കുന്നിടത്തെ വെളിച്ചം പരത്തുന്ന ബൾബിനും ഒരു കളി.ഇടക്ക് മങ്ങുന്നു. വീണ്ടും തെളിയുന്നു. വീണ്ടും മങ്ങുന്നു തെളിയുന്നു.
ഭഗവാനേ.. ആകെയൊരു ധൈര്യം ഈ വെളിച്ചമാണ്. അതുകൂടി ഇല്ലാതായാൽ...
ഞാൻ സകലദൈവങ്ങളേയും വിളിച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. ദൈവമേ.. ഈ വെളിച്ചം കെട്ടുപോകരുതേ...!
റോഡിലൂടെ ആരും വരുന്നില്ല. എങ്ങും കനത്ത നിശബ്ദത.അൽപ്പനേരം ഞാൻ ഓട്ടോയിൽ ചാരിനിന്നു. നോക്കുമ്പോൾ ഭയമുണ്ടെങ്കിലും, എൻ്റെ നോട്ടം അറിയാതെ ആ മൈതാനത്തിലേക്കായി.
ആ ഭയം അസ്ഥാനത്തായില്ല. ഇരുട്ടാണെങ്കിലും മൈതാനത്തിൻ്റെ അങ്ങേയറ്റത്ത് ഒരു കറുത്ത രൂപം ചലിക്കുന്നത് കണ്ടു.കാണെക്കാണെ ആ രൂപം ഞാൻ നിൽക്കുന്നിടത്തേക്ക് പതുക്കെ ഒഴുകി വരുന്നതുപോലെ തോന്നി. ആദ്യം തോന്നലാണെന്ന് കരുതിയെങ്കിലും അത് അടുത്തേക്ക് വരുംതോറും യാഥാർത്ഥ്യം തന്നെയാണെന്ന് ബോധ്യമായി. എൻ്റെ ഹൃദയമിടിപ്പിൻ്റെ ശബ്ദം എനിക്ക് കേൾക്കാം. ഞാൻ വിയർത്തൊലിക്കുകയാണ്.നിന്നിടത്തു നിന്ന് ചലിക്കാനോ ഉറക്കെയൊരു ശബ്ദമുണ്ടാക്കാനോ എനിക്ക് കഴിഞ്ഞില്ല.ഈ സമയം ബൾബ് അൽപ്പം കൂടി തെളിഞ്ഞ് കത്താൻ തുടങ്ങി. വെളിച്ചത്തിൻ്റെ തീവ്രത കൂടി കൂടി വന്നു. ആ വെളിച്ചത്തിൽ അകലെ നിന്ന് വരുന്നത് ഒരു മനുഷ്യരൂപമാണെന്ന് മനസ്സിലായി. മുഖം വ്യക്തമല്ല. പക്ഷേ അതൊരു കറുത്തു മെലിഞ്ഞ് ഉയരം കൂടിയ മനുഷ്യനാണ്. ഷർട്ടിട്ടില്ല. ഒരു കറുത്തമുണ്ട് ഉടുത്തിരിക്കുന്നു.
അയാൾ അടുത്തേക്ക് വരുന്നതിനനുസരിച്ചെന്നോണം ബൾബിലെ വെളിച്ചം കൂടിക്കൊണ്ടിരുന്നു.
"എന്തു പറ്റി മോനേ..?"
അടുത്തേക്ക് വരുന്ന അജ്ഞാതൻ്റെ അന്വേഷണം ഉയർന്നതും, വോൾട്ടേജ് പെട്ടെന്ന് കൂടിയപോലെ ഒരു മിന്നലും ബൾബ് പൊട്ടുന്ന ശബ്ദവും കേട്ടു.
അതോടെ ചുറ്റും കൂരാ കൂരിരുട്ടായി.
അയാളിൽ നിന്നുയർന്ന ആ ശബ്ദം കേട്ടതോടെ എൻ്റെ ഭയമെല്ലാം ആവിയായിപ്പോയി. കാരണം അതിനു മുമ്പോ ശേഷമോ അതുപോലൊരു ശബ്ദം ഞാൻ കേട്ടിട്ടില്ല. അത്രയേറെ ശാന്തവും മധുരവും ഗാംഭീര്യവുമാർന്ന ഒരു ശബ്ദം!!
ഇരുട്ടിൽ അയാൾ എൻ്റെ സമീപമെത്തി അന്വേഷണമാവർത്തിച്ചു.
"എന്തു പറ്റിയതാ..?"
"എന്താന്നറിയില്ല. ഞാനൊന്ന് മൂത്രമൊഴിക്കാനായി ഇവിടെ നിർത്തിയതാ. അതിനു ശേഷം വണ്ടി സ്റ്റാർട്ടാകുന്നില്ല."എൻ്റെ ശബ്ദവും ധൈര്യവും തിരിച്ചുകിട്ടി.
"ങാ.. രാത്രികാലത്ത് ഇതൊക്കെ ഇവിടെ പതിവാ. നീ ഈ പ്രദേശത്തേക്ക് ആദ്യമായി വരികയാണോ? "
"അതെ". ഞാൻ പറഞ്ഞു. "പുതിയ വണ്ടിയാണ്.. പക്ഷേ ഇങ്ങനെയൊരു പണി കിട്ടുമെന്ന് കരുതിയില്ല."
"ഇനിയിപ്പൊ അതൊന്നും നോക്കിയിട്ട് കാര്യമില്ലല്ലോ.. നീ വണ്ടിയിൽ കയറ്. എന്നിട്ട് ഗിയറിലിട്ട് ക്ലച്ച് പിടിക്ക്. ഞാൻ തള്ളിത്തരാം."
അയാൾ എന്നെ സഹായിക്കാൻ തയ്യാറായി. പക്ഷേ എനിക്കൊരു സംശയം. മുമ്പിൽ കയറ്റമാണ്. ഒരാൾ ഒറ്റക്ക് തളളിയാൽ വണ്ടി നീങ്ങില്ല.മാത്രമല്ല,ഇയാൾ ഒരു വൃദ്ധനും കൂടിയാണ്.
എൻ്റെ സംശയം മനസ്സിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞു.
"ഈ നേരത്ത് നിൻ്റെ വണ്ടി തള്ളിത്തരാനായി ഇവിടേക്ക് ഇനിയാരും വരാൻ പോകുന്നില്ല. നീ കയറിയിരിക്ക്. ഞാൻ തളളാം."
ആ നിർബന്ധം തിരസ്കരിക്കാൻ എനിക്കായില്ല. അയാൾ വണ്ടി തളളാൻതുടങ്ങി.ഞാൻ വിചാരിച്ചതിലും ശക്തനാണയാളെന്ന് എനിക്ക് മനസ്സിലായി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ ആ കയറ്റത്തിലേക്ക് പുഷ്പ്പം പോലെ അയാൾ വണ്ടി തള്ളിക്കയറ്റി.കയറ്റം കഴിഞ്ഞ് നൂറ് മീറ്ററോളം നിരപ്പായ റോഡിലൂടെയും അയാൾ വണ്ടി തള്ളി. പക്ഷേ എൻ്റെ ശകടം സ്റ്റാർട്ടാകുക മാത്രം ചെയ്തില്ല. പീന്നീടയാൾ ഓട്ടോയുടെ മുൻവശത്തേക്ക് വന്നു.
"എന്നാലിനിയൊന്ന് പുറകോട്ടിറക്കി നോക്ക് " എന്നു പറഞ്ഞ് വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചു തള്ളാൻ തുടങ്ങി. അയാൾ തളളിക്കയറ്റിയ സ്ഥലത്തു നിന്നും ആദ്യം നിന്നിരുന്ന സ്ഥാനം വരെ വണ്ടി റിവേഴ്സ് ഗിയറിലിട്ടിറക്കി നോക്കിയിട്ടും വണ്ടി സ്റ്റാർട്ടായില്ല.
ഞാൻ പുറത്തിറങ്ങി.ഇനി എന്തുചെയ്യണമെന്ന് എനിക്കൊരു എത്തുംപിടിയും കിട്ടിയില്ല. അയാൾ വീണ്ടും എൻ്റെ സമീപം വന്നു.
"മോനേ.. ഈ വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേറൊരു സൂത്രംകൂടിയുണ്ട്."
[ഞാൻ ഇതിനിടക്ക് മറ്റൊരു കാര്യം ശ്രദ്ധിച്ചിരുന്നു. ഏതാണ്ട് നൂറ് മീറ്റർ കയറ്റവും അത്ര തന്നെ നിരപ്പായ സ്ഥലവും ഓട്ടോ തളളിക്കയറ്റിയ ആ മനുഷ്യൻ ഒട്ടും കിതക്കുന്നില്ല. കിളവന് മുടിഞ്ഞ ആരോഗ്യമാണല്ലോയെന്ന് ഞാൻ മനസ്സിൽ പറയുകയും ചെയ്തു.]
ഞാൻ അമ്പരന്നു. ഇനിയെന്ത് സൂത്രം?
"ബാറ്ററി ഡൗണായാൽ ഈ എഞ്ചിൻ കയറിട്ട് വലിച്ച് സ്റ്റാർട്ട് ചെയ്യാം. വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മെഷീനിലെ പോലെ ഇതിൻ്റെ എഞ്ചിൻ്റെ ഇടത് വശത്തായി കയറിട്ട് വലിക്കാനുള്ള ഒരു പുള്ളിയുണ്ട്. പുറകിലെ എഞ്ചിൻ ഡോർ തുറക്ക്"!!
ഞാൻ ഡോർ തുറന്നു കൊടുത്തു. അയാൾ കുനിഞ്ഞ് എഞ്ചിനുളളിലേക്ക് കയ്യിട്ട് തപ്പിക്കൊണ്ട് പറഞ്ഞു.
"കയറെടുക്ക്!"
"കയറോ..?? ഈ പാതിരക്ക് ഞാനെവിടെ നിന്ന് കയറെടുക്കാനാണ്?"
എൻ്റെ പരുങ്ങൽ കേട്ടപ്പോൾ അയാൾ പറഞ്ഞു.
"എടോ നിനക്കൊന്നും അറിഞ്ഞുകൂടേ..? ഈ വണ്ടിയിലൊരു ടൂൾകിറ്റ് ഉണ്ടാവും. അതെടുക്ക് "
ഫ്രണ്ട് സീറ്റിനു സമീപം വന്ന് ഡേഷ്ബോക്സിനുള്ളിൽ ചുരുട്ടി വെച്ച ടൂൾകിറ്റെടുത്ത് ഞാൻ പുറകിലേക്ക് ചെന്നു. കിറ്റിൽ നിന്നും നന്നായി ചുരുട്ടിവെച്ച ഒരു മീറ്റർ നീളംവരുന്ന കയറെടുത്ത് അയാൾ കുനിഞ്ഞുകൊണ്ട് എഞ്ചിൻ റൂമിനുള്ളിലേക്ക് തലയിട്ടു.ആ കൂരിരുട്ടിൽ അയാൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു പത്തു സെക്കൻ്റ് നേരം മാത്രം.കയർ എവിടെയൊക്കെയോ ചുറ്റിയശേഷം നിവർന്ന് നിന്ന് അയാൾ ഒറ്റ വലി..വണ്ടി സ്റ്റാർട്ടായി!!
ഞാൻ അത്ഭുതം കൊണ്ട് വാ പൊളിച്ചുപോയി.കയർ പഴയതുപോലെ ചുരുട്ടി മടക്കി ടൂൾകിറ്റിലിട്ട് എനിക്ക് നേരെ നീട്ടിക്കൊണ്ട് താക്കീത്പോലെ അയാൾ പറഞ്ഞു.
" ഇനി വേഗം വീട് പിടിക്കാൻ നോക്ക്. മേലിൽ അസമയത്ത് കൂട്ടിനൊരാളില്ലാതെ ഈ ഭാഗത്തേക്ക് വരികയേ ചെയ്യരുത്."!!
"ഇല്ല ചേട്ടാ.. മേലിൽ ഇത്തരമൊരബദ്ധം ഞാൻ ചെയ്യില്ല." ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു. " ഏതായാലും വല്ല്യ ഉപകാരം. ചേട്ടന് വെള്ളം കുടിക്കാനായി എന്തെങ്കിലും തരാതിരിക്കുന്നത് മോശമല്ലേ.." അസമയത്ത് സഹായം ചെയ്തയാളോട് നന്ദി പ്രകടിപ്പിക്കാനായി ഞാൻ അൽപ്പം കാശെടുക്കാനായി പോക്കറ്റിൽ കയ്യിട്ടു.
"അതൊന്നും വേണ്ട.. നീ തരുന്ന കാശിന് വെള്ളം കുടിക്കാനോ അതു കുടിച്ച് ദാഹം തീർക്കാനോ എനിക്കൊട്ട് പറ്റുകയുമില്ല.അതുകൊണ്ട് നീ വേഗം വണ്ടി വിടാൻ നോക്ക് ."
അതും പറഞ്ഞുകൊണ്ട് ഓട്ടോയുടെ പുറകിൽ കൈകൊണ്ട് രണ്ട് തട്ടു തട്ടി, അയാൾവന്ന മൈതാനത്തേക്ക് തന്നെ പതുക്കെ നീങ്ങി.
പിന്നെ ഞാൻ തർക്കിക്കാനൊന്നും നിന്നില്ല. വണ്ടി വിട്ടു. പക്ഷേ,ആ ചെറിയ കയറ്റം കയറുന്ന സമയത്ത് റിയർവ്യൂമിററിലൂടെ കണ്ട ഒരു കാഴ്ച്ച എന്നെ അമ്പരപ്പിച്ചു.മുമ്പ്, അയാൾ മൈതാനത്തു നിന്നും റോഡിന് സമീപത്തെത്തിയപ്പോൾ പൊട്ടിയ വൈദ്യുതിപോസ്റ്റിലെ ബൾബ് ഇപ്പോൾ പഴയപടി അരണ്ട പ്രകാശം പരത്തി കത്തി നിൽക്കുന്നു.!!
അവിശ്വസനീയമായ ആ കാഴ്ച്ചകണ്ട് ഞാൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കി. അതെ! ആ കാഴ്ച്ച സത്യമാണ്. അവിടെ പഴയപടി ബൾബ് കത്തുന്നുണ്ട്.!!
എന്തൊക്കെയോ വശപിശക്.!! പിന്നെ ഞാനൊന്നും നോക്കിയില്ല.കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ, എൻ്റെ വണ്ടിയുടെ പരമാവധി വേഗത്തിൽ ഞാൻ ആ സ്ഥലം കാലിയാക്കി. വീട്ടിലെത്തിയപ്പോൾ സമയം പന്ത്രണ്ടര.!!
പിറ്റേന്ന് കാലത്ത് ഓട്ടോസ്റ്റാൻ്റിൽ ചെന്നപ്പോൾ അവിടുള്ള മറ്റ് ഡ്രൈവർമാർ എന്നെ ഒരു അത്ഭുതജീവിയെപ്പോലെ നോക്കുന്നു.പിന്നെ എല്ലാവരും എൻ്റെ ചുറ്റും കൂടി ചോദ്യം ചെയ്യലായി.
നീ എവിടെ വരെ പോയി? യാത്രക്കാരനിൽ നിന്ന് കൂലി തികച്ച് കിട്ടിയോ? പോണ വഴിക്ക് മറ്റേതെങ്കിലും വാഹനങ്ങൾ കണ്ടോ? വരുന്ന വഴിക്ക് വണ്ടി കേടായോ..??
അങ്ങനെ നിരവധി ചോദ്യങ്ങൾ.
അവരുടെ അവസാനത്തെ ചോദ്യത്തിൽ ഞാൻ പകച്ചു. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. എന്നാൽ..ആ വൈദ്യുതി പോസ്റ്റിലെ ബൾബിൻ്റെ കാര്യം മാത്രം അവരോട് പറഞ്ഞില്ല. അതവർക്ക് ദഹിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് പറയാതിരുന്നത്. പക്ഷേ.. അസമയത്ത് എനിക്ക് കിട്ടിയ ആ അജ്ഞാതൻ്റെ സഹായത്തിൻ്റെ കഥയും അവർക്കത്രക്കങ്ങ് ദഹിച്ചിട്ടില്ലെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്ന് മനസ്സിലായി.
എന്നാൽ ആ സ്ഥലത്തെ കുറിച്ച് കൂടുതൽ പരിചയമുണ്ടായിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ മുതിർന്ന ഡ്രൈവർ "ഉസ്മാങ്ക" എന്ന് എല്ലാവരും വിളിക്കുന്ന ഉസ്മാന്, എൻ്റെ അനുഭവത്തിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു.
ഉസ്മാങ്ക എന്നെ സ്വകാര്യമായി വിളിച്ച് അയാളുടെ വണ്ടിയിൽ കയറ്റി. "എടാ നമുക്കിപ്പൊ തിരിച്ചു വരാ"മെന്നും പറഞ്ഞ് ഒറ്റവിടലാണ് ആ വിവാദസ്ഥലത്തേക്ക്.
അങ്ങോട്ട് പോകുന്ന വഴി മൂപ്പർ എനിക്കായി കുറേ ഉപദേശങ്ങളും നിർദ്ധേശങ്ങളും തന്നു.
ആ പ്രദേശത്തേക്ക് ഇരുട്ടിക്കഴിഞ്ഞാൽ പരിചയമുള്ള ഡ്രൈവർമാർ ആരും ഓട്ടം പോകാറില്ലത്രേ! ഏതാണ്ട് എട്ട് കിലോമീറ്റർ ദൂരത്തോളമുള്ള സ്ഥലത്ത് റോഡരികിലൊന്നും വീടുകളില്ല. അവിടവിടായി ചെറിയ ചില കച്ചവട സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഏഴുമണിയോടെ എല്ലാവരും കടകളടച്ച് സ്ഥലം വിടും. രാത്രിയിൽ പ്രേതങ്ങളുടെ വിഹാര ഭൂമിയാണത്രേ അവിടം! ഭീതിപ്പെടുത്തുന്ന പല കഥകളും അവിടത്തുകാർക്ക് പറയാനുണ്ട്.
പരിചയമില്ലാത്ത ആരെങ്കിലും ആ ഭാഗങ്ങളിലേക്ക് തനിച്ച് വണ്ടിയുമായി പോയാൽ ഉറപ്പ്,എന്തെങ്കിലും നിസ്സാര കേടുപാടുകൾ പറ്റി കുടുങ്ങി പോകും. അത് അവിടെ പതിവാണ്! മാത്രമല്ല യാത്രികരായ നിരവധി പേർക്ക് അവിടെവെച്ച് അസ്വാഭാവികമായ ചില കാഴ്ച്ചകൾ കണ്ട് ഭയന്ന് മാനസിക അസ്വാഥ്യങ്ങൾ വരെ സംഭവിച്ചിട്ടുമുണ്ടത്രേ!
സത്യത്തിൽ ഉസ്മാങ്കയുടെ വിവരണംകേട്ട് ഞാനാകെ സ്തംഭിച്ചു പോയി.
"എടാ,നീ ഭയക്കാതിരുന്നത്, നിനക്കാ സ്ഥലത്തെ കുറിച്ച് യാതൊരു മുന്നറിവുമില്ലാതിരുന്നത് കൊണ്ടാണ്. നിനക്ക് ആ പ്രദേശത്തെ കുറിച്ചുള്ള കഥകൾ അറിയാമായിരുന്നെങ്കിൽ, ഇന്ന് നിന്നെ കാണാൻ ഞങ്ങൾ വല്ല ഹോസ്പിറ്റലിലും വരേണ്ടി വന്നേനെ."
ഇതിനിടയിൽ ഞങ്ങൾ എൻ്റെ വണ്ടി കേടായി കിടന്ന സ്ഥലത്തെത്തി. ദൂരെ നിന്നേ ആ ട്രാൻസ്ഫോർമർ ഞാൻ ചൂണ്ടി കാണിച്ചു.
"അതാ..ആ ഇറക്കവും കയറ്റവുമുള്ള സ്ഥലത്ത് വെച്ചാണ് വണ്ടി ഓഫായത്."
തലേന്ന് എൻ്റെ വണ്ടി കിടന്ന അതേ സ്ഥലത്തു തന്നെ ഉസ്മാങ്ക വണ്ടി നിറുത്തി തിരിച്ചിട്ടു.ഞങ്ങൾ പുറത്തിറങ്ങി.
"നിന്നെ സഹായിക്കാൻ അയാൾ വന്നതെവിടെ നിന്നാണ്.?"
ഞാൻ മൈതാനം പോലെ കിടന്ന സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു.
"ഉറപ്പല്ലേ..?"
ഉസ്മാങ്ക എൻ്റെ കണ്ണുകളിലേക്ക് നോക്കി.
"അതേന്ന്.. എനിക്കുറപ്പാ" !
" എന്നാൽ നീ അങ്ങോട്ട് ശരിക്കൊന്ന് നോക്ക്".
ഉസ്മാങ്ക ഒരു ചിരിയോടെ വീണ്ടും പറഞ്ഞു.
ഞാൻ വീണ്ടും നോക്കി. വിശാലമായ മൈതാനം പോലുള്ള സ്ഥലം. അവിടെ ദൂരെയായി ഇടവിട്ട് പഴയതും പുതിയതുമായ ചില കുഴിമാടങ്ങൾ ദൃശ്യമായിരുന്നു. രാത്രിയിൽ ഞാനതൊന്നും കണ്ടിരുന്നില്ല.അമ്പരന്ന് നിന്ന എന്നോടായി ഉസ്മാങ്ക,
"എടാ ഇത് ചൊടലപ്പറമ്പാണ്.. അതും...... ജാതിക്കാരുടെ.(ഒരു പ്രത്യേക ജാതിയുടെ പേരാണ് പുള്ളി പറഞ്ഞത്)ഇവിടെ ആ നേരത്ത് ഒറ്റയ്ക്ക് വരാൻ ആരും ധൈര്യപ്പെടില്ല. പിന്നെങ്ങനെ അയാൾ അവിടെ നിന്നും വന്ന്, നിൻ്റെ വണ്ടി ശരിയാക്കിത്തന്ന് അവിടേക്ക് തന്നെ പോയി.?? "
എൻ്റെ തൊണ്ട വരണ്ടുപോയി. അതിനിടക്ക് ഉസ്മാങ്കയുടെ അടുത്ത അറ്റാക്ക്
"നിൻ്റെ വണ്ടിയേക്കാൾ ഭാരം കുറവാണ് എൻ്റെ വണ്ടി.അതുകൊണ്ട് നീയിത്, അയാൾ നിൻ്റെ വണ്ടി തള്ളിയ ഈ കയറ്റത്തിലേക്ക് ഒന്ന് തള്ളിക്കേ.."
ഒരു പരീക്ഷണത്തിനായി ഞാൻ ആ കയറ്റത്തിലേക്ക് ഓട്ടോ തള്ളിക്കയറ്റാൻ ശ്രമിച്ചു.പത്തടി ദൂരം തള്ളിയപ്പോഴേക്കും ഞാൻ കിതച്ചു.
"എന്നെ കൊണ്ട് പറ്റില്ല ഉസ്മാങ്കാ.. " ഞാൻ പരാജയം സമ്മതിച്ചു.
"ങ്ങാ.. അതാണ്. എത്ര ആരോഗ്യമുള്ള ആളായാലും ഈ കയറ്റം ഒറ്റക്ക് തള്ളിക്കയറ്റുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ഇനി വേറൊരു കാര്യം കൂടി.നീ ഓടിക്കുന്ന തരത്തിലുള്ള ഡീസൽ ഓട്ടോ നമ്മുടെ നാട്ടിൽ വ്യാപകമായി ഇറങ്ങിയിട്ടില്ല.മാത്രമല്ല, അതിനിങ്ങനെ എൻജിനിൽ കയറ് കെട്ടിവലിച്ച് സ്റ്റാർട്ട് ചെയ്യുന്ന ടെക്നിക്, ഒരു പക്ഷേ നമ്മുടെ നാട്ടിലെ മെക്കാനിക്കുകൾക്ക് പോലും അറിവുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. പിന്നെങ്ങനെ ആ വൃദ്ധന് ആ അറിവ് കിട്ടി?"
ഉസ്മാങ്കയുടെ ന്യായമായ ആ സംശയംകൂടി കേട്ടപ്പോൾ എൻ്റെ ശരീരമാകെ ഒരു വിറയലും തരിപ്പും കയറി വന്നു. സത്യത്തിൽ ഞാനും ആ അജ്ഞാതൻ പറഞ്ഞപ്പോഴാണല്ലോ അത് മനസ്സിലാക്കിയത്. അതോടെ പുള്ളിക്കാരനോട് സംസാരിക്കാൻ പോലുമുള്ള ശേഷി എനിക്ക് നഷ്ടപ്പെട്ടു.
മടക്കയാത്രയിൽ ഉസ്മാങ്ക പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എൻ്റെ മനസ്സിലപ്പോൾ തലേന്നവിടെ പൊട്ടിത്തെറിച്ച ബൾബ് വീണ്ടും കത്തിയതു കണ്ട ആധിയായിരുന്നു. ഏതായാലും ആ സംഗതി മാത്രം ഞാൻ മൂപ്പരോട് പറഞ്ഞില്ല. ഇന്നും ഉത്തരം കിട്ടാതെ എന്നെ ചിന്തിപ്പിക്കുന്ന നിരവധി കാര്യങ്ങളിൽ പ്രഥമസ്ഥാനം ആ ബൾബിനാണ്.
[ആ എട്ടു കിലോമീറ്ററിലായി നീണ്ടു കിടക്കുന്ന സ്ഥലം ഇന്നൊരു എജ്യുക്കേഷൻ സിറ്റിയാണ്.ഇപ്പോൾ ഒരു പ്രശ്നവും ആ പ്രദേശത്തില്ല. ഒരു കൃസ്ത്യൻസഭയുടേതടക്കം ആറോ ഏഴോ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുണ്ട് ഇന്നാ പ്രദേശത്ത്.നിരവധി ഫ്ലാറ്റുകളും വില്ലകളും പുത്തൻ പണക്കാരുടെ ആഡംബര ബംഗ്ലാവുകളുമൊക്കെയായി ഒരു സമ്പന്ന പ്രദേശം. അന്ന് സെൻ്റിന് വെറും അഞ്ഞൂറ് രൂപയുണ്ടായിരുന്ന സ്ഥലത്ത്,ഇന്ന് ഒരു സെൻ്റിന് കുറഞ്ഞത് ആറ് ലക്ഷം രൂപ കൊടുത്താലും അവിടെ ഇത്തിരി മണ്ണ് കിട്ടാൻ പ്രയാസമാണ്.]
എല്ലാ പ്രതികരണങ്ങളും:
1717ലൈക്ക്
അഭിപ്രായം
അയയ്ക്കുക
കൂടുതൽ ഉത്തരങ്ങൾ കാണുക
Soumya Maria Sojan Allencherril
Sthalam etha.. parayumbol athu parayu
- ലൈക്ക്
- മറുപടി നൽകുക
Dhruv Shankar
ഇത് വേറൊരാളുടെ പോസ്റ്റാണ് പുള്ളി നാലഞ്ചു കൊല്ലം മുമ്പ് ഇട്ടത് കോപ്പി ചെയ്തിരിക്കുന്നു 





നാണമുണ്ട? സുഹൃത്ത
- ലൈക്ക്
- മറുപടി നൽകുക
3'/%3E%3Cpath d='M16.0001 7.9996c0 4.418-3.5815 7.9996-7.9995 7.9996S.001 12.4176.001 7.9996 3.5825 0 8.0006 0C12.4186 0 16 3.5815 16 7.9996Z' fill='url(%23paint1_radial_15251_63610)'/%3E%3Cpath d='M16.0001 7.9996c0 4.418-3.5815 7.9996-7.9995 7.9996S.001 12.4176.001 7.9996 3.5825 0 8.0006 0C12.4186 0 16 3.5815 16 7.9996Z' fill='url(%23paint2_radial_15251_63610)' fill-opacity='.5'/%3E%3Cpath d='M7.3014 3.8662a.6974.6974 0 0 1 .6974-.6977c.6742 0 1.2207.5465 1.2207 1.2206v1.7464a.101.101 0 0 0 .101.101h1.7953c.992 0 1.7232.9273 1.4917 1.892l-.4572 1.9047a2.301 2.301 0 0 1-2.2374 1.764H6.9185a.5752.5752 0 0 1-.5752-.5752V7.7384c0-.4168.097-.8278.2834-1.2005l.2856-.5712a3.6878 3.6878 0 0 0 .3893-1.6509l-.0002-.4496ZM4.367 7a.767.767 0 0 0-.7669.767v3.2598a.767.767 0 0 0 .767.767h.767a.3835.3835 0 0 0 .3835-.3835V7.3835A.3835.3835 0 0 0 5.134 7h-.767Z' fill='%23fff'/%3E%3Cdefs%3E%3CradialGradient id='paint1_radial_15251_63610' cx='0' cy='0' r='1' gradientUnits='userSpaceOnUse' gradientTransform='rotate(90 .0005 8) scale(7.99958)'%3E%3Cstop offset='.5618' stop-color='%230866FF' stop-opacity='0'/%3E%3Cstop offset='1' stop-color='%230866FF' stop-opacity='.1'/%3E%3C/radialGradient%3E%3CradialGradient id='paint2_radial_15251_63610' cx='0' cy='0' r='1' gradientUnits='userSpaceOnUse' gradientTransform='rotate(45 -4.5257 10.9237) scale(10.1818)'%3E%3Cstop offset='.3143' stop-color='%2302ADFC'/%3E%3Cstop offset='1' stop-color='%2302ADFC' stop-opacity='0'/%3E%3C/radialGradient%3E%3ClinearGradient id='paint0_linear_15251_63610' x1='2.3989' y1='2.3999' x2='13.5983' y2='13.5993' gradientUnits='userSpaceOnUse'%3E%3Cstop stop-color='%2302ADFC'/%3E%3Cstop offset='.5' stop-color='%230866FF'/%3E%3Cstop offset='1' stop-color='%232B7EFF'/%3E%3C/linearGradient%3E%3C/defs%3E%3C/svg%3E)
എല്ലാ 3 മറുപടികളും കാണുക
'
No comments:
Post a Comment